ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച് എയർപോർട്ടിലെ മെഡിക്കൽ സംഘം. എയർപോർട്ടിലെത്തിയ മൂന്ന് യാത്രക്കാർക്കാണ് വിവിധ ടെർമിനലുകളിലായി 24 മണിക്കൂറിനുള്ളിൽ ഹൃദയാഘാതം ഉണ്ടായത്. രോഗികൾക്ക് മിനിറ്റുകൾക്കുള്ളിൽ പ്രാഥമിക ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചിരിക്കുകയാണ് മെഡിക്കൽ സംഘം.
ടെർമിനൽ 3-ലെ ഒരു യാത്രക്കാരനായിരുന്നു ആദ്യം ഹൃദയാഘാതമുണ്ടായത്. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ മെഡിക്കൽ സംഘം നാഡിമിടിപ്പും ശ്വസനവും പുനഃസ്ഥാപിക്കുന്നതുവരെ രക്തം ഒഴുകുന്നത് നിലനിർത്താൻ കാർഡിയോപൾമണറി റെസസിറ്റേഷൻ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അതിന് പിന്നാലെ ടെർമിനൽ 3ൽ തന്നെ മറ്റൊരാൾക്കും ഹൃദയസ്തംഭനം ഉണ്ടായി. അദ്ദേഹത്തിനും നൂതന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
ടെർമിനൽ 1ലെ യാത്രക്കാരനായിരുന്നു മൂന്നാമത് ഹൃദയാഘാതമുണ്ടായത്. ഈ യാത്രക്കാരനെയും സിപിആർ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. രോഗികകളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലുമുള്ള 17 മെഡിക്കൽ പോയിന്റുകളിലും എമർജൻസി സർവീസുകൾ 24 മണിക്കൂറും ലഭ്യമാണ്.