ഒമാനിൽ ക്രൂസ് സീസണിന് തുടക്കം കുറിച്ച് ഈ വർഷത്തെ ആദ്യ ആംഡബരകപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തി.
രാജ്യത്തെ ടൂറിസം മേഖലക്ക് പ്രതീക്ഷയേകി വരും ദിവസങ്ങളിൽ നിരവധി ആംഡബര കപ്പലുകൾ മത്ര തുറമുഖത്തെത്തും. കപ്പലിലൂടെ വിനോദസഞ്ചാരികൾക്ക് എത്തിപ്പെടാൻ സാധിക്കുന്ന ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി ഒമാനെ മാറ്റുകയാണ് ടൂറിസം മന്ത്രാലയത്തിന്റെ ലക്ഷ്യം.
സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ക്രിസ്റ്റൽ സിംഫണി കപ്പലിന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. നാളെ മെയ്ൻ ഷിഫും 28-ന് അയിഡബെല്ല എന്ന കപ്പലും തീരത്തെത്തും. കൂടാതെ നവംബറിൽ ആയിദ കോസ്മയടക്കമുള്ള വൻ വിനോദസഞ്ചാര കപ്പലുകൾ മത്ര തുറമുഖത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിലെ ഖസബ് തുറമുഖത്ത് അടുത്ത മാസം ഒന്ന് മുതലാണ് വിനോദസഞ്ചാര കപ്പലുകൾ എത്തിത്തുടങ്ങുക. കഴിഞ്ഞ വർഷം 74 ആഡംബര കപ്പലുകളിലായി 1,49,000 യാത്രക്കാരാണ് മത്ര തുറമുഖത്ത് എത്തിയത്.