മരുഭൂമിയിൽ വെച്ച് സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് അധികൃതർ. ഷാർജയിലെ മരുഭൂമിയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഏഷ്യൻ വംശജനെ നാഷണൽ സെർച് ആന്റ് റെസ്ക്യൂ സെന്ററിന്റെ ഹെലികോപ്റ്റർ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തിൽ പ്രവാസിക്ക് നട്ടെല്ലിനുൾപ്പെടെ പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഇതിനുപുറമെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് അൽ സായിദ് ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. നസ്വ മേഖലയിലെ ഷാർജ പൊലീസ് അധികൃതരുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് അപകടത്തിൽപ്പെട്ട ഒരു ഫ്രഞ്ചുകാരനെയും അധികൃതർ ഇത്തരത്തിൽ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയിരുന്നു. അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മരുഭൂമിയിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ എല്ലാ ഉപകരണങ്ങളും കയ്യിൽ കരുതണമെന്നും അധികൃതർ നിർദേശിച്ചു. കൂടാതെ ഒറ്റയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കി സംഘമായി സഞ്ചരിക്കണമെന്നും നിർദേശത്തിലുണ്ട്.