എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ചില വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകും. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റ്സ് ഐഡി കാലാവധി അവസാനിക്കുന്ന തീയതിക്ക് 30 ദിവസത്തിനുള്ളിൽ ഇവ പുതുക്കാത്തവർക്ക് കാലതാമസം വരുന്ന ഓരോ ദിവസത്തേക്കും 20 ദിർഹം വെച്ചാണ് പിഴ ചുമത്തുക. പരമാവധി 1,000 ദിർഹം വരെയാണ് പിഴ ചുമത്തപ്പെടുക. പിഴയിൽ നിന്നും ഒഴിവാകാൻ അർഹതയുള്ളവർക്ക് പിഴ ഒഴിവാക്കുന്നതിനായുള്ള അപേക്ഷകൾക്ക് പ്രത്യേകം ഫീസ് ചുമത്തില്ലെന്ന് അധികൃതർ അറിയിച്ചു.
പിഴയിൽ നിന്ന് ഒഴിവാക്കിയത് ഏതൊക്കെ വിഭാഗങ്ങളിൽപ്പെട്ടവരെയാണെന്ന് നോക്കാം.
• യുഎഇയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയ ശേഷം മൂന്ന് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചവരുടെ എമിറേറ്റ്സ് ഐഡി കാലാവധി ഇവർ യുഎഇയിൽ നിന്ന് മടങ്ങിയ തീയതിക്ക് ശേഷമാണ് അവസാനിക്കുന്നതെങ്കിൽ ഈ വിഭാഗക്കാർക്ക് പിഴ അടക്കേണ്ടിവരില്ല.
• ഔദ്യോഗിക ഉത്തരവ് പ്രകാരം യുഎഇയിൽ നിന്ന് നാട് കടത്തപ്പെട്ടവരുടെ ഐഡി സാധുത അവസാനിക്കുന്ന പശ്ചാത്തലത്തിൽ അവർക്ക് പിഴ അടക്കേണ്ടതില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ കൈവശമുണ്ടാകണമെന്നാണ് നിബന്ധന.
• യുഎഇ പൗരത്വം ലഭിക്കുന്നതിനെടുക്കുന്ന കാലയളവിൽ ഐഡി കാർഡ് ലഭിക്കാത്തവർക്കും പിഴ ഒഴിവാക്കി നൽകും.