ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 1 ബില്യൺ ദിർഹത്തിൻ്റെ എൻഡോവ്‌മെൻ്റ് ഫണ്ട് സ്ഥാപിച്ച് യുഎഇയിലെ അമ്മമാരെ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള കാമ്പയിൽ അമ്മമാരാണ് കുട്ടികളുടെ പ്രഥമ അധ്യാപകരെന്ന അടിസ്ഥാനത്തിൽ നിന്നാണ് പദ്ധതി രൂപം കൊണ്ടത്.
വ്യക്തികളെ അവരുടെ അമ്മയുടെ പേരിൽ സംഭാവനകൾ നൽകാൻ അനുവദിച്ചുകൊണ്ട് അമ്മമാരെ ആദരിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.വിദ്യാഭ്യാസപരവും തൊഴിലധിഷ്ഠിതവുമായ സംവിധാനങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ അധഃസ്ഥിത സമൂഹങ്ങളിലെ വ്യക്തികളുടെ വിദ്യാഭ്യാസത്തെയും യോഗ്യതയെയും പിന്തുണയ്‌ക്കുക, ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സുസ്ഥിര മാർഗങ്ങൾ വാഗ്ദാനം ചെയ്യുക, തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് അവരെ ശാക്തീകരിക്കുക എന്നിവയും കാമ്പെൻ്റെ ലക്ഷ്യങ്ങളാണ്.
വിദ്യാഭ്യാസ പിന്തുണയ്‌ക്കായുള്ള മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്ൻ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനൊപ്പം സമൂഹത്തിൽ ദയ, ഐക്യദാർഢ്യം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ്. ലോകമെമ്പാടുമുള്ള നിരാലംബരായ ജനങ്ങൾക്ക് വിദ്യാഭ്യാസവും ശാക്തീകരണ അവസരങ്ങളും ഒരുക്കുന്ന സുസ്ഥിരമായ സംവിധാനം എന്ന നിലയിലാണ് മദേഴ്സ് എൻഡോവ്‌മെൻ്റ് പദ്ധതി നടപ്പിലാക്കുന്നത്.