ദുബായിലെ താമസക്കാരുടെ സമഗ്രമായ തത്സമയ ഡാറ്റാബേസ് ഉള്ള ഏകീകൃത ജനസംഖ്യാ രജിസ്ട്രി ദുബായിൽ ഉടൻ രൂപീകരിക്കും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്.
ദുബായ് ഡാറ്റ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് കോർപ്പറേഷൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് “യുണിഫൈഡ് രജിസ്ട്രി ഓഫ് ദി പോപ്പുലേഷൻ ഓഫ് ദുബായ്” എന്ന പേരിൽ രജിസ്ട്രി തയ്യാറാക്കുന്നത്. എമിറേറ്റിലെ ജനസംഖ്യാ വിവരങ്ങളുടെ ഏക ഔദ്യോഗികമായ ഉറവിടമായിരിക്കും ഇത്. ദുബായ് ഡാറ്റ ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്‌മെൻ്റ് ജനസംഖ്യാ രജിസ്‌ട്രി നിയന്ത്രിക്കുകയും ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുകയും ചെയ്യും.
സർക്കാർ പദ്ധതികൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കുന്നതിന് ഡാറ്റാബേസ് ഉപയോഗിക്കും. കൂടാതെ, സാമ്പത്തികവും സാമൂഹികവുമായ നയങ്ങളെ നയിക്കാൻ ഭാവിയിലെ ജനസംഖ്യാ പ്രവചനം പ്രാപ്തമാക്കുന്നതിനൊപ്പം സർക്കാർ സേവനങ്ങളും പരിപാടികളും മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.