സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഹജ്ജ് എക്സ്പോ 2023 ` ജിദ്ദയില്‍ പുരോഗമിക്കുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണ്ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഹജ്ജ് എക്സ്പോ ഉദ്ഘാടനം ചെയ്തത്.പന്ത്രണ്ടാം തീയതി വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ അമ്പത്തിയാറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
10 പ്രധാന സെക്ഷനുകളും 13 ഡയലോഗ് സെക്ഷനുകളും 36 വര്‍ക്ക്‌ഷോപ്പുകളുമാണ് 2023ലെ എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും തീര്‍ത്ഥാടനത്തിന് അനുകൂലമായി ആധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് എക്സപോ സംഘിടിപ്പിക്കുന്നത്. കുറ്റമറ്റരീതിയിലുള്ള സേവനങ്ങൾ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും വെല്ലുവിളികൾ സംബന്ധിച്ചും അവലോകനം ചെയ്യുന്നതും നിര്‍ണായകമാണ്. വിഷന്‍ 2030 ന്റെ ഭാഗമായുളള ചര്‍ച്ചകളും ഉണ്ടാകും.
എക്സ്പോ ലോക രാജ്യങ്ങള്‍ക്കിടയിലെ പങ്കാളിത്തം ഉറപ്പാക്കുകയും കൂടുതല്‍ സംരംഭങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2021ലെ ആദ്യ ഹജ്ജ് എക്‌സ്‌പോയില്‍ 115 കരാറുകള്‍ വിവിധ രാജ്യങ്ങളുമായി ഒപ്പ് വെച്ചിരുന്നു. ജിദ്ദ സൂപ്പര്‍ഡോമിലാണ് ഈ വര്‍ഷത്തെ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക ലോകത്തെ എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം ശക്തിപ്പെടുത്താനുള്ള പ്രധാന ജാലകമാണ് ഹജ്ജ് എക്സ്പോയെന്ന് സൗദി ഹജ്ജ് മന്ത്രിയും വ്യക്തമാക്കി.