ഒമാനിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. അൽ വുസ്‌ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.
മറ്റുള്ള ഗവർണറേറ്റുകളിലെ സ്കൂളുകൾക്ക് ഓൺലൈൻ പഠനവും നടപ്പിലാക്കി.
രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും നാളെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 30 മുതൽ 80 മില്ലീമീറ്റർ വരെ ശക്തിയിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് അവധിയും ഓൺലൈൻ പഠനവും അനുവദിച്ചിരിക്കുന്നത്.
സ്കൂളുകളിലെ പഠനം ഞായറാഴ്ച്ച മുതൽ സാധാരണ ഗതിയിൽ പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 4 വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.