ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് സസ്പെന്റ് ചെയ്തിരുന്നത്. ഇതിൽ കേരളത്തിൽനിന്നുള്ള 12 ഹജ്ജ് ഗ്രൂപ്പുകളിലായി 1,200 മലയാളികളും ഉൾപ്പെടുന്നുണ്ട്.
എന്നാൽ തീർത്ഥാടകരെ മാനസിക സമ്മർദ്ദമില്ലാതെ ഹജ്ജ് ചെയ്യാൻ അനുവദിക്കണമെന്ന് കോടതി പറഞ്ഞു. രജിസ്ട്രേഷനുവേണ്ടി വസ്തുതകൾ തെറ്റായി കാണിച്ചെന്ന കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര നടപടി. ഈ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയും മെയ് 25-ന് ഇറക്കിയ ഹജ്ജ് ക്വാട്ടയിൽ ഉൾപ്പെട്ടവരെ പോകാൻ അനുവദിക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു. അതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്.
ഹജ്ജിനെത്തുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കരുതെന്നും പരാതിക്കാരായ ഹജ്ജ് ഗ്രൂപ്പുകൾക്കെതിരായ അന്വേഷണം സർക്കാരിന് തുടരാമെന്നും കോടതി വ്യക്തമാക്കി. ജൂലൈ ഏഴിന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.