സൗദി ഇതര നിവാസികൾക്ക് രാജ്യത്ത് സ്വത്ത് കൈവശം വയ്ക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ തീരുമാനിച്ച് സൗദി അറേബ്യ. മിഡിൽ ഈസ്റ്റിലെ പ്രോപ്പർട്ടി മാർക്കറ്റിനെ മാറ്റിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ. ആഗോള നിക്ഷേപകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ നിയമം അധികം വൈകാതെതന്നെ നിലവിൽ വരും.
സൗദി ഇതര പൗരന്മാർക്ക് മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വത്ത് കൈവശം വയ്ക്കാൻ അനുവദിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി സിഇഒ അബ്ദുല്ല അൽഹമ്മദ് പറഞ്ഞു. വിദേശികൾക്ക് സൗദിയിൽ വസ്തുക്കൾ സ്വന്തമാക്കാനുള്ള നിയമം ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും നിലവിലെ സ്വത്ത്-ഉടമ വ്യവസ്ഥയേക്കാൾ ഇത് വിശാലവും അംഗീകരിക്കാനാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2022 ഏപ്രിലിൽ, സ്വത്തിന്റെ വിദേശ ഉടമസ്ഥത സംബന്ധിച്ച നിയമങ്ങളിൽ ഒരു നിർദ്ദിഷ്ട ഭേദഗതി രാജ്യം പ്രഖ്യാപിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിക്കുകയും ചെയ്തിരുന്നു. വികസന മേഖലകളിലെയും മക്കയിലെയും മദീനയിലെയും ഉടമസ്ഥാവകാശം സംബന്ധിച്ച നിലവിലെ നിയമങ്ങളിലെ ഭേദഗതികൾ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. 2030-ഓടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനായി 1.1 ട്രില്യൺ ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിൽ സൗദി അറേബ്യ ഭാഗമാകുകയും കൂടാതെ 2030-ഓടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നാല് ദശലക്ഷത്തിലധികം റെസിഡൻഷ്യൽ യൂണിറ്റുകളും വീടുകളും നിർമ്മിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്.