വേള്‍ഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തിരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈറ്റ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയാണ് ഈ വിജയമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ഈ നേട്ടം സൗദിയുടെ കഠിനാധ്വാനത്തിന്റെയും ദേശീയ ദൃഢതയുടെയും ആദരണീയമായ ഫലമാണ്. കൂടാതെ സൗദിയുടെ സമഗ്ര മുന്നേറ്റത്തിനായുള്ള ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മേഖലയിലെ വികസനത്തിന് ഇത് കാരണമാകുമെന്നും കുവൈറ്റ് വ്യക്തമാക്കി.
സൗത്ത് കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി 2030 ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം നേടിയെടുത്തത്. വോട്ടെടുപ്പിൽ 130 രാജ്യങ്ങളുടെ പിന്തുണയാണ് സൗദിക്ക് ലഭിച്ചത്. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് സൗദിയിലെ വേൾഡ് എക്സ്പോ നടക്കുക. റിയാദ് ആയിരിക്കും എക്സ്പോയ്ക്ക് വേദിയാവുന്നത്. 2020 യു.എ.ഇയിൽ എത്തിയ എക്സ്പോ ദുബായിൽ വിജയകരമായി നടന്നിരുന്നു.