അപൂർവ പുസ്തകങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയാണ് ഇത്തവണത്തെ ജിദ്ദ പുസ്തകമേള സമാപിച്ചത്. പുസ്തകമേളയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ‘ഗോൾഡൻ ഹോഴ്സ്’ എന്ന പുസ്തകം. സ്വർണം പൂശി കൈകൊണ്ട് നിർമിച്ച ഈ അപൂർവ പുസ്തകം സന്ദർശകരെ ഏറെ വിസ്മയിപ്പിച്ചിരിക്കുകയാണ്. 66,000 റിയാലിന് (16,500 യൂറോ) വിൽക്കുന്ന പുസ്തകം രാജ്യത്ത് ആദ്യമായാണ് പ്രദർശനത്തിലെത്തിയത്.
‘ഗോൾഡൻ ഹോഴ്സിന്’ പരിമിതമായ പകർപ്പുകൾ മാത്രമാണുള്ളത്. പ്രശസ്തമായ ഒരു ഇറ്റാലിയൻ കമ്പനിയാണ് 24 കാരറ്റ് സ്വർണം ഉപയോഗിച്ച് ഈ പുസ്തം കൈകൊണ്ട് നിർമിച്ചത്. കുതിരകളുടെ ഡ്രോയിങ്ങുകളും പെയിന്റിങ്ങുകളും കൊണ്ട് പുസ്തകം അലങ്കരിച്ചിട്ടുണ്ട് .
ഒരു ഇറ്റാലിയൻ കലാകാരന്റെ 15 പെയിന്റിങ്ങുകൾ പുസ്തകത്തിന്റെ പ്രത്യേകതയാണ്. പുസ്തകത്തിന്റെ കവർ എംബോസ് ചെയ്തത് ഒരു സ്വർണ കുതിരയുടെ മുഖം എടുത്തു കാണിക്കുന്ന വിധത്തിലാണ്. കടലാസ് സ്വർണം ചേർത്ത നല്ല പരുത്തി കൊണ്ടും നിർമിച്ചിരിക്കുന്നു. ഒരു പുസ്തകം നിർമിക്കാൻ ഏകദേശം 100 ദിവസമെടുക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.