2023ലെ ലോകം, ഒരു തിരിഞ്ഞുനോട്ടം

Date:

Share post:

പുതിയ വർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. ശാന്തമായി ആരംഭിച്ച ജനുവരിയിൽ നിന്ന് ലോകത്തിൻ്റെ നിലനിൽപ്പിനായി ലോകരാജ്യങ്ങൾ കോപ് 28 ഉച്ചകോടിയിലൂടെ ഒരുമിച്ച 365 ദിവസങ്ങൾ. 2023 കടന്നുപോകുമ്പോൾ ലോകം മറക്കാനാഗ്രഹിക്കുന്നതും ഓർക്കാനിഷ്ടപ്പെടുന്നതുമായ നിരവധി സംഭവങ്ങളുണ്ട്. ചില അടയാളപ്പെടുത്തലുകളാണ് ‘ലോകം-2023’.

തുർക്കി – സിറിയ ഭൂകമ്പം

2023 ഫെബ്രുവരി 6-നാണ് ലോകത്തെ നടുക്കി തുർക്കി – സിറിയ ഭൂകമ്പമുണ്ടായത്. തെക്കൻ-മധ്യ തുർക്കി, വടക്കൻ-പടിഞ്ഞാറൻ സിറിയ എന്നിവിടങ്ങളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത് 59,259 പേരാണ്.തുർക്കിയിൽ 50,783 പേരും സിറിയയിൽ 8476 പേരും മണ്ണോടു ചേർന്നു. ആ ദുരന്തവാർത്തയിൽ ലോകം കരയുകയും ദുരിതബാധിതർക്കായി ഒരുമിക്കുകയും ചെയ്തു.

ലോകത്തെ ജനസംഖ്യ

2023ന് ഏപ്രിലിലാണ് ലോകത്തെ ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയത്. 142.86 കോടി ജനങ്ങളുമായി ഇന്ത്യ ചൈനയെ മറികടന്നെന്നാണ് റിപ്പോർട്ട്. ചൈനയെക്കാൾ 29 ലക്ഷംകൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യ. ആഗോള ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA) ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്തെ ആകെ ജനസംഖ്യ 800 കോടിയ്ക്ക് മുകളിലാണ്.

ഓഷൻഗേറ്റ് അപകടം

ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട സാഹസികസംഘം ദുരന്തത്തിൽ അകപ്പെട്ടത് ജൂണിലാണ്. ഓഷൻഗേറ്റ് കമ്പനി സ്ഥാപകൻ ഉൾപ്പടെയുളളവരാണ് അപകടത്തിൽപ്പെട്ടത്.വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായ ഓഷൻഗേറ്റിൻ്റെ ടൈറ്റൻ പേടകം കണ്ടെത്താൻ ലോകം ഒരുമിച്ച് യത്നിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല.

ആമസോണിലെ കുട്ടികൾ

കൊളംബിയയിലെ ആമസോൺ കാട്ടിൽ വിമാനം തകർന്നുവീണു കാണാതായ സംഘത്തിലെ നാല് കുട്ടികൾ കൊടുംകാടിനെ അതിജീവിച്ചതാണ് 2023ലെ വലിയ കാഴ്ചകളിലൊന്ന്. നാലും ഒൻപതും പതിമൂന്നും വയസ്സുള്ള 3 പെൺകുട്ടികൾ, ഒരു വയസ്സുമാത്രമുള്ള അവരുടെ കുഞ്ഞനുജനും 40 ദിവസമാണ് ഘോരവനത്തിൽ ജീവനോടെ കഴിഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയും പൈലറ്റും മരണത്തിന് കീഴടങ്ങിയിരുന്നു.

ഹമാസ് – ഇസ്രയേൽ യുദ്ധം

2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ–യുക്രെയ്ൻ പോരാട്ടത്തിനിടെയാണ് ഹമാസ് ഇസ്രയേൽ യുദ്ധം കൂടി ലോകത്തെ ഞെട്ടിച്ചത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ അതിർത്തിയിൽ നടത്തിയ മിന്നലാക്രമണം ഇസ്രായേൽ – പലീസ്തീൻ യുദ്ധത്തിന് തുടക്കമിടുകയായിരുന്നു. ഇരുയുദ്ധങ്ങളും ചേർന്ന് ലോക സമാധാനവും സാമ്പത്തിക സന്തുലാനാവസ്ഥകളും മറ്റും കവർന്നെടുത്ത വർഷമാണ് 2023.

എക്സും ചാറ്റ് ജിപിറ്റിയും

സമൂഹ മാധ്യമമായ ട്വിറ്ററിൻ്റെ പേരും ലോഗോയും ഉടമയായ ഇലോൺ മസ്ക് ‘എക്സ്’ എന്ന് മാറ്റിയത് 2023 ജൂലൈയിലാണ്. ട്വിറ്ററിൻ്റെ ജനപ്രിയ അടയാളമുദ്രയായിരുന്ന ലാറി എന്ന നീലക്കിളിയ്ക്ക് പകരം എക്സ് ഇടം പിടിച്ചു. എെഎ തരംഗമുണ്ടായ വർഷം കൂടിയാണ് 2023. ചാറ്റ് ജിപിറ്റിയും ഡീപ് ഫെയ്ക് ആപ്പുകളും വാർത്തകളിൽ നിറഞ്ഞ വർഷം.

ജയിലിനുളളിലെ നോബൽ

ഇറാനിൽ സ്ത്രീകളുടെ അവകാശ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിനു ഭരണകൂടം ജയിലിൽ അടച്ച നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ സമ്മാനം ലഭിച്ചതും 2023ൽ. 122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് സമാധാനത്തിനുളള നൊബേൽ സമ്മാനം ലഭിക്കുന്നത്. .

ഭൂമിക്ക് അപരന്‍ ?

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്‌ക്ക് സമാനമായ ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തി. എൽപി 791-18 ഡി എന്ന് പേരിട്ടിരിക്കുന്ന ഈ എക്സോപ്ലാനറ്റ് അഗ്നിപർവ്വതങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ.ആദ്യമായാണ് ഭൂമിയോട് സമാനമായ ഗ്രഹം സൗരയൂഥത്തിന് പുറത്തുനിന്നും കണ്ടെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ഡാറ്റയില്‍ നിന്നാണ് ഈ വിദൂര ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണ വാഹനം ആദിത്യ എൽ -1 പുറപ്പെട്ടതും 2023ലാണ്.

ലോകത്തെ നടുക്കിയ കാട്ടുതീ

കാനഡയിലെ കാടുകളിൽപടർന്ന തീ അമേരിക്ക ഉൾപ്പെടെ അയൽ രാജ്യങ്ങളിലേക്ക് പ
ടർന്ന വർഷം. കാനഡയിൽ പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത് ഒരുലക്ഷത്തിലധികം ആളുകളെ. പിന്നാലെ യൂറോപ്പിലും യുഎസിലും ആഫ്രിക്കയിലും ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി മാറിയ 2023 ജൂലൈ. കാലാവസ്ഥാ വ്യതിയാനം തടയാനും ഭൂമിയെ സംരക്ഷിക്കാനും പ്രതിജ്ഞ ചെയ്ച കാലാവസ്ഥ ഉച്ചകോടി നടന്നത് 2023 ഡിസംബറിൽ.

കായിക ലോകം 2023

ഖത്തർ ലോകകപ്പിന് പിന്നാലെ സൌദിയിലേക്ക് ചേക്കേറിയ റൊണാൾഡോ കായിക ലോകത്തെ താരമായി.  2023 നവംബറിൽ ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ ഓസീസ് ഒരിക്കൽ കൂടി കീരീടം ചൂടിയപ്പോൾ ഇന്ത്യക്ക് ഫൈനലിൽ നിരാശരാകേണ്ടി വന്നു. കളിക്കളം സജീവമായ ഒരുവർഷമായിരുന്നു 2023.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യാത്രാ വിമാനങ്ങൾ വർധിപ്പിക്കണമെന്ന് യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിൽ ആവശ്യം

ഇന്ത്യക്കും യുഎഇയക്കും ഇടയിൽ വർദ്ധിച്ചുവരുന്ന വിമാനയാത്രാ ഡിമാൻഡും വിമാന നിരക്കും കണക്കിലെടുത്ത് ഫ്ളൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കമെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു....

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...