ലോകത്ത് പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമെന്ന നേട്ടം സൗദി അറേബ്യയ്ക്ക്. രാജ്യാന്തര കൺസൾട്ടൻസിയായ മൈ എക്സ്പാട്രിയേറ്റ് മാർക്കറ്റ് പേ നടത്തിയ സർവേ പ്രകാരം ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ മാറി. പ്രവാസി തൊഴിൽ അവസ്ഥകളെ കുറിച്ച് നടത്തിയ സർവേയിലാണ് സൗദി നേട്ടം സ്വന്തമാക്കിയത്.
ലോകത്തിലെ മധ്യനിര മാനേജർമാർക്ക് ഉയർന്ന ശമ്പളം നൽകുന്ന രാജ്യമാണ് സൗദി. കൂടാതെ മികച്ച ആനുകൂല്യങ്ങൾ തേടുന്ന പ്രവാസികളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി സൗദി അറേബ്യ വീണ്ടും ഉയർന്നിരിക്കുകയാണെന്നും സർവേ വ്യക്തമാക്കുന്നു.
രാജ്യത്തെ ഒരു പ്രവാസി മിഡിൽ മാനേജർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88,58,340 രൂപ) ശമ്പളം വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇത് യുകെ യിലേതിനേക്കാൾ 20,513 പൗണ്ട് (21,69,348 രൂപ) കൂടുതലാണെന്നും സർവേയിൽ പറയുന്നു. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായിട്ടും ഏറ്റവും ഉയർന്ന വേതനം സൗദിയിൽ തന്നെയാണെന്നാണ് സർവേയിലൂടെ വ്യക്തമാകുന്നത്.