ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ‘എംറ്റി ക്വർട്ടർ’ വഴിയുള്ള റോഡ് ഇരട്ടപ്പാതയാക്കാൻ ഒരുങ്ങുന്നു. പദ്ധതിയുടെ ഒന്നാംഘട്ട ടെൻഡർ ഗതാഗത-വാർത്തവിനിമയ-സാങ്കേതികവിദ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ പാത സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ പുതിയ റോഡ് വഴി ജനങ്ങളും വാഹനങ്ങളും അതിർത്തി കടക്കാൻ തുടങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര, സാമ്പത്തിക, നിക്ഷേപ ബന്ധം തുടങ്ങിയവയെല്ലാം ഇരട്ടിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഏറെ കാലമായി നിർമാണം നടക്കുകയായിരുന്ന ഒമാൻ-സൗദി അറേബ്യ റോഡ് 2021ന്റെ അവസാനമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ദാഖിറ ഗവർണറേറ്റിലെ ഇബ്രി റൗണ്ട് എബൗട്ടിൽ നിന്നാണ് ഒമാന്റെ സൗദി അതിർത്തിയിലേക്കുള്ള ഈ റോഡ് ആരംഭിക്കുന്നത്. ആകെ 725 കിലോമീറ്ററാണ് റോഡിന്റെ നീളം. കൂടാതെ റൗണ്ട് എബൗട്ടിൽ നിന്ന് എംറ്റി ക്വാർട്ടർ ചെക് പോയന്റിലേക്ക് 161 കിലോ മീറ്ററും ചെക് പോസ്റ്റിൽ നിന്ന് അൽ ബത്ഹ ജങ്ഷൻ വരെ 564 കിലോമീറ്ററുമാണ് റോഡിന്റെ നീളം.
അതേസമയം ഒമാന്റെ ഭാഗത്തെ പാത ഇരട്ടിപ്പിക്കാനുള്ള നടപടിയാണ് ഒന്നാംഘട്ടത്തിൽ നടപ്പിലാക്കുക. ദാഖിറ ഗവർണറേറ്റിലെ ഇബ്രി റൗണ്ട് എബൗട്ടിൽ നിന്ന് തനാം റൗണ്ട് വരെയായിരിക്കും ഇരട്ടപ്പാതയാക്കുന്നത്. കൂടാതെ റോഡിന്റെ ഇരു ഭാഗങ്ങളിലുമായി പത്ത് കിലോമീറ്റർ സർവിസ് റോഡും നിർമിക്കുന്നുണ്ട്. എംറ്റി ക്വാർട്ടർ ചെക് പോസ്റ്റിൽനിന്ന് 20 കിലോ മീറ്റർ മാത്രം അകലെയാണ് ഇക്കണോമിക് സോൺ.
സൗദിയിലെ വൻ വിപണിയെ ലക്ഷ്യംവെച്ച് ഉൽപാദനം, ഗതാഗതം, ഖനനം, എണ്ണ, പുനരുപയോഗ ഊർജം തുടങ്ങിയ പദ്ധതികൾക്കാണ് ഇവിടെ നിക്ഷേപം ക്ഷണിക്കുക. അതേസമയം ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണ മേഖലയിൽ കൈകോർക്കാൻ ഈ വർഷം ഫെബ്രുവരിയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. 100 ദശലക്ഷം റിയാൽ വികസന പദ്ധതിയ്ക്കുള്ള പരസ്പര ധാരണയിലാണ് ഇരു രാജ്യങ്ങളും എത്തിയത്. കൂടാതെ സൗദി അറേബ്യയിലേക്ക് പുതിയ റോഡുവഴി വളരെ എളുപ്പത്തിലെത്താൻ കഴിയുന്നതിനാൽ ഈ പാതയിൽ തിരക്ക് വർധിച്ചിട്ടുമുണ്ട്. ഒമാനിൽ നിന്ന് ഹജ്ജിന് പോകുന്നവരും ഈ റോഡ് വഴിയാണ് സഞ്ചരിക്കുന്നത്.