റിയാദ് ഡെവലപ്‌മെന്റ് കമ്പനിയുടെ സംരംഭങ്ങളിലൊന്നായ റിയാദിലെ അതീഖയില്‍ രണ്ടാമത് ഈന്തപ്പഴ മേളക്ക് തുടക്കമായി. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യ വത്കരിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും പുതിയ ഉല്‍പന്നങ്ങളുടെ ലഭ്യതയ്ക്കും സഹായകമാകുന്ന ഈ മേളയില്‍ സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ നിന്നും ഇതര അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള കച്ചവടക്കാര്‍ പങ്കെടുക്കും.
അതീഖയിലെ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ചത്വരത്തിലാണ് സൗദി അറേബ്യയിലെ ഏറ്റവും വലിയ ഈന്തപ്പഴമേള നടക്കുന്നത്. പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഈ ചത്വരത്തിലെ 2400 ചതുരശ്രമീറ്റര്‍ പരിധിയില്‍ തയ്യാറാക്കിയ ശീതീകരിച്ച ഹാളില്‍ 84 കച്ചവടക്കാരുടെ 65 ബസ്തകളാണുള്ളത്. മേള നാല് മാസത്തോളം നീണ്ട് നിൽക്കും. അതേസമയം റിയാദിന്റെ പ്രൗഢമായ പാരമ്പര്യവും ആധുനികതയിലേക്കുള്ള കുതിപ്പും സമന്വയിപ്പിക്കുന്ന വിധത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.