വിശുദ്ധ റമദാനോടനുബന്ധിച്ച് സൗദി അറേബ്യയിൽ തടവുകാർക്ക് പൊതുമാപ്പു നൽകി വിട്ടയക്കുന്ന നടപടികൾക്ക് തുടക്കമായി. സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള തടവുകാരെ മോചിപ്പിച്ച് സ്വന്തം കുടുംബങ്ങളിലേക്കു തിരികെ അയക്കുന്ന നടപടികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. എല്ലാ വർഷവും പുണ്യ റമദാൻ മാസത്തിൽ രാജകാരുണ്യത്താൽ നിരവധിപേരാണ് ജയിൽമോചിതരാകുന്നത്.
രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നിർദേശം നൽകി. സൽമാൻ രാജാവിൽ നിന്നുള്ള ഈ കാരുണ്യത്തിന്റെ ഗുണഭോക്താക്കൾ ജയിൽമോചിതരായി സ്വന്തം കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നത് അവരുടെ മനസ്സുകളെ അഗാധമായി സ്വാധീനിക്കുമെന്നും അവർ നല്ല മനുഷ്യരായി മാറുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.