സൗദി അറേബ്യയിൽ മാതാവിൻ്റെയോ പിതാവിൻ്റെയോ ആശ്രിത വിസയിലുള്ള 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ട്രേറ്റ് അറിയിച്ചു. ആശ്രിത വിസയിലുള്ള 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കാനും വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
21 വയസുകഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രം ആശ്രിത വിസയിൽ തുടരാം. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാൻ സാധിക്കൂ. അതുകൊണ്ടാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വിസയിൽ സൗദിയിൽ കഴിയുന്ന പുരുഷന്മാർ 21 വയസുകഴിഞ്ഞാൽ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണം. 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിൻ്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും വ്യവസ്ഥ വയ്ക്കുന്നതെന്ന് ജവാസത് വ്യക്തമാക്കി. സ്ത്രീകൾക്ക് ആശ്രിത വിസയിൽ തുടരാം. എന്നാൽ ഇഖാമ പുതുക്കാൻ വിവാഹിതയല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. വിവാഹിതർക്ക് ഭർത്താവിൻ്റെ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടിവരും. സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ ഗുണഭോക്താവ് സൗദി അറേബ്യയിൽ ഉണ്ടായിരിക്കണമെന്നും ഡയറക്ട്രേറ്റ് വീശദമാക്കി.