ദുബായിൽ ടോൾ നിബന്ധന പുതുക്കി ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്. പുതുക്കിയ നിബന്ധന അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് ചുമത്തപ്പെടുന്ന പ്രതിവർഷ പരമാവധി പിഴ 10,000 ദിർഹമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
നിയമലംഘനത്തിന് ഒരു വാഹനത്തിന് ചുമത്താവുന്ന സാലിക് ടോളിംഗ് സംവിധാനവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന പിഴ തുക ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 10,000 ദിർഹം കവിയാൻ പാടില്ല. പുതിയ വ്യവസ്ഥകൾ പ്രകാരം, സാലിക് അക്കൗണ്ട് ബാലൻസോ ബാക്കി തുകയുടെ ഒരു ഭാഗമോ ഉപയോക്താവിന് റീഫണ്ട് ചെയ്യാനോ മറ്റൊരു സാലിക് അക്കൗണ്ടിലേക്ക് മാറ്റാനോ സാധിക്കില്ല.
സാലിക്ക് ദുബായിൽ സേവനങ്ങൾ വിപുലീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജൂലൈ 1 മുതൽ ദുബായ് മാളിലും സാലിക് ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മാളിൽ പാർക്കിങ്ങിന് മണിക്കൂറിന് 20 ദിർഹം മുതൽ 1,000 ദിർഹം വരെയാണ് നിരക്ക് ഈടാക്കുന്നത്.