ഗൾഫ് മേഖലകളിൽ ഹ്രസ്വദൂര യാത്രകൾക്കായി നിരവധി പേർ ആശ്രയിക്കുന്ന മാർഗമാണ് ഇ-സ്കൂട്ടർ. എന്നാൽ അടുത്ത കാലത്തായി നിയമലംഘനത്തിന്റെ പേരിൽ ഇ-സ്കൂട്ടർ യാത്രക്കാർക്കെതിരെയുള്ള പരാതികൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിനൊരു പരിഹാരമാർഗവുമായി എത്തിയിരിക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).
ഇന്ന് മുതൽ ദുബായിൽ ഇ-സ്‌കൂട്ടർ, സൈക്കിൾ ലംഘനങ്ങൾ കണ്ടെത്തുന്നത് ഉദ്യോഗസ്ഥരല്ല. നേരെ മറിച്ച് റോബോട്ടുകളാണ്. നിസാരക്കാരല്ല ഈ റോബോട്ടുകൾ. സൈക്കിളുകളുടെയും ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം റോബോട്ട് നിരീക്ഷിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിഗത സുരക്ഷാ നിയമങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങൾ ഇവ അതിവേഗം തിരിച്ചറിയും. അനധികൃത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത സ്കൂട്ടറുകൾ, ഒന്നിലധികം യാത്രക്കാരുമായുള്ള സവാരി, കാൽനട യാത്രക്കാർക്ക് മാത്രമുള്ള സ്ഥലങ്ങളിലൂടെയുള്ള അനധികൃത സവാരി തുടങ്ങിയവയെല്ലാം റോബോട്ടുകൾ നിരീക്ഷിക്കും.
നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 300 ദിർഹം വരെയാണ് പിഴ ചുമത്തുക. 85 ശതമാനത്തിലധികം കൃത്യതയോടെ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കന്റിനുള്ളിൽ ഡാറ്റ കൈമാറാനും ഈ റോബോട്ടുകൾക്ക് സാധിക്കും. 2 കിലോമീറ്റർ വരെ നിരീക്ഷണ സംവിധാനമുള്ള ഇവ വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ജുമൈറ 3 ബീച്ച് ഏരിയയിലാണ് റോബോട്ടുകളുടെ പ്രവർത്തനം ആരംഭിക്കുക.