റിയാദ് മൃഗശാല താൽക്കാലികമായി അടച്ചതായി സൗദി വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചു. മൃഗശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് അടച്ചിട്ടത്. അനിശ്ചിതകാലത്തേക്ക് അടച്ച മൃഗശാല നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ 1300ലധികം വ്യത്യസ്‌ത ഇനം ജീവികളുള്ള ഈ മൃഗശാല റിയാദ് സീസണിന്റെ ഭാഗമായി രണ്ട് മാസം മുമ്പാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നത്. സന്ദർശകർക്ക് ആനകൾക്കും ജിറാഫിനും തീറ്റ നൽകാനുള്ള അവസരവും അന്ന് അധികൃതർ ഒരുക്കിയിരുന്നു.
എന്നാൽ മൃഗശാലയുടെ ഏതാനും ചില ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ അന്ന് നടത്താൻ സാധിച്ചിരുന്നില്ല. അവിടെയാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.