സൗദിയിൽ പരിഷ്കരിച്ച ടാക്സി ചട്ടങ്ങൾ നിലവിൽ വന്നു. നിയമം പാലിക്കാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതമായ യാത്ര ലഭ്യമാക്കുന്നതിനാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയത്.
പുതിയ നിയമപ്രകാരം ടാക്സികളിലെ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ യാത്രക്കാർ ഡ്രൈവർക്ക് പണം നൽകേണ്ട ആവശ്യമില്ല. ഇത്തരം യാത്രകൾ സൗജന്യമായി കണക്കാക്കും. കൂടാതെ വനിതകൾ ഓടിക്കുന്ന ടാക്സികളിൽ യാത്രക്കാർക്കൊപ്പം പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.
യാത്രക്കാർ കാറിനുള്ളിൽ പുകവലിക്കുക, ഭക്ഷണം കഴിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, കാറിലെ ഉപകരണങ്ങളും സ്റ്റിക്കറുകളും നശിപ്പിക്കുക, ഡ്രൈവറോട് മാന്യമായി പെരുമാറാതിരിക്കുക, ലഹരി മരുന്ന് ഉപയോഗിക്കുക, ആക്രമണ സ്വഭാത്തോടെ പെരുമാറുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് സേവനം ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഡ്രൈവർമാർക്ക് യാത്ര നിഷേധിക്കാൻ സാധിക്കുമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.