ദുബായില്‍ വില്ലകളും അപ്പാര്‍ട്ട്മെന്‍റുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകൾ. ഗണ്യമായ വര്‍ദ്ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ് 9 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതായും റിയല്‍ എസ്റ്റേറ്റ് മേഖലയിലുളളവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡിമാന്‍റ് വര്‍ദ്ധിച്ചതോടെ വിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം വര്‍ദ്ധനവ് ഫ്ളാറ്റുകളുടേയും വില്ലകളുടേയും വില്‍പ്പനയില്‍ രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തില്‍ മാത്രം 6983 റിയല്‍ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. 1820 കോടിയുടെ റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. 2009 ന് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഇത്ര ഉണര്‍വ്വ് ഇതാദ്യമാണ്. അതേസമയം മാര്‍ച്ചില്‍ വില്‍പ്പനകളുടെ എണ്ണം ഏപ്രിലിനെ അപേക്ഷിച്ച് 17 ശതമാനം കൂടുതലുമായിരുന്നു.
ഏപ്രിലില്‍ 1286 കോടിയുടെ വീടുകൈമാറ്റവും 533 കോടിയുടെ ഭൂമികൈമാറ്റവും നടന്നു. 67 ശതമാനം വിലവര്‍ദ്ധനവും ഇടപാടുകളിലുണ്ടായി. പാം ജുമേറ, ബുര്‍ജ ഖലീഫ, ജുമേറ ബീച്ച് റസിഡന്‍സി , ദി വ്യൂസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാര്‍. ആഡംബര വില്ലകൾക്കി പ്രിയമേറുന്നതിനൊപ്പം മാറ്റകച്ചവടവും വര്‍ദ്ധിക്കുകയാണ്.
വേൾഡ് എക്പോയുടെ വിജയം, വിസ നയത്തിലെ മാറ്റം എന്നിവയാണ് കുതിപ്പിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. താമസത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ രാജ്യമെന്ന നിലയില്‍ യുഎഇ രാജ്യാന്തര തലത്തില്‍ വിശ്വാസ്യത നേടുന്നതിന്‍റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു.