ഖത്തറിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ അധികൃതർ റഡാർ നിരീക്ഷം ശക്തമാക്കുന്നു. സെപ്റ്റംബർ മൂന്ന് മുതൽ റഡാറുകൾ പ്രവർത്തനം ആരംഭിക്കും. ഇതിനകം എല്ലാ റോഡുകളിലും റഡാറുകൾ സ്ഥാപിച്ചുകഴിഞ്ഞതായും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഡ്രൈവിങ് സീറ്റിലിരിക്കുന്നവർ റോഡിലെ റഡാർ നിരീക്ഷണത്തിലായിരിക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, മൊബൈൽ ഫോണിൽ സംസാരിക്കുക തുടങ്ങി നിയമലംഘനങ്ങൾക്കെതിരേ ഉടനടി നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. രാത്രികാലങ്ങളിലും നിരീക്ഷണമുണ്ടാകും.
റോഡ് നിരീക്ഷണത്തിന് ശേഷിയുള്ള ക്യാമറകളോടെയാണ് ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങൾക്കുളളിലെ നിയമലംഘനങ്ങൾ കണ്ടെത്താനും തിരിച്ചറിയാനും കണ്ടെത്താനും ശേഷിയുണ്ട്. നീരീക്ഷണം സംബന്ധിച്ച് സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പുറമെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതിവേഗതയും റഡാർ നിരീക്ഷണത്തിൻ്റെ പരിധിയിൽ വരും.