വിശപ്പിന്റെ വിളി അറിയാത്തവരായി ആരുമില്ല. വയർ ചൂളം വിളിക്കാൻ തുടങ്ങിയാൽ പിന്നെ എന്തെങ്കിലും കഴിക്കാതെ ആ വിളി നിലയ്ക്കാറുമില്ല. വിവിധങ്ങളായ വിഭവങ്ങൾക്കൊണ്ട് സുഭിക്ഷമാണ് ഈ ലോകം. പല നിറത്തിലും പല രുചികളിലുമായി ആവി പറക്കുന്ന ഭക്ഷണം ടേബിളിൽ എത്തിയാൽ പിന്നെ സാറേ ആർക്കും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല …
കാൽപ്പന്ത് കളിയുടെ ആരവം അലയടിക്കുമ്പോൾ തന്നെ രുചിയുടെ അറേബ്യൻ പെരുമയുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് ദോഹ എക്സ്പോ വേദി തിരി കൊളുത്തിയിരിക്കുകയാണ്. അൽ ബിദ പാർക്കിലെ എക്സ്പോയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പാചക വിദഗ്ധരും രുചിക്കൂട്ടുകളും ഖത്തറിന്റെ മണ്ണിൽ സംഗമിക്കുകയാണ്. ബുധനാഴ്ച ആരംഭിച്ച ഈ രുചി മേള ഫെബ്രുവരി 17 വരെ സന്ദർശകർക്കായി ഭക്ഷണം വിളമ്പും.
ഫാമിലി സോണില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റില്‍ പ്രമുഖ റസ്റ്റാറന്റുകള്‍, പ്രാദേശിക, അന്തര്‍ദേശീയ ഷെഫുകളുടെ തത്സമയ പാചക പ്രദര്‍ശനങ്ങള്‍ കാണികളുടെ മനസും വയറും നിറയ്ക്കും. മാസ്റ്റര്‍ ക്ലാസുകള്‍, പാചക മത്സരങ്ങള്‍ എന്നിവയും ഇതിനോടൊപ്പം നടക്കും. നൂറോളം ഭക്ഷ്യ, പാനീയ കിയോസ്കുകളാണ് ഫാമിലി സോണിൽ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലേത് മുതൽ അറബിക്, മെഡിറ്ററേനിയൻ, ഏഷ്യൻ എന്നീ രുചി വൈവിധ്യങ്ങളുടെ കലവറയാണ് ഇത്തവണയും മേളയുടെ പ്രധാന ആകർഷണം.
ലോകപ്രശസ്ത പാചക വിദഗ്ധരുടെ ലൈവ് കുക്കിങ് ഷോ, ശിൽപശാല എന്നിവയ്ക്ക് പുറമേ രാത്രികൾ ആനന്ദകരമാക്കാൻ സന്ദർശകർക്ക് ആവേശകരമായ കാഴ്ചയൊരുക്കുന്ന പാരാമോട്ടോർ ഫയർവർക്സും മേളയുടെ ആകർഷണമാണ്. ‘ഡിന്നർ ഇൻ ദി സ്കൈ’ എന്ന പേരിൽ അതിഥികൾക്ക് 40 മീറ്റർ ഉയരെ ആകാശത്ത് ഒരുക്കുന്ന സൽക്കാരമാണ് മേളയിലെ ശ്രദ്ധേയമായ മറ്റൊന്ന്. ആകാശക്കാഴ്ചയ്ക്കൊപ്പം ആഡംബരമായി തന്നെ രുചികരമായ ഭക്ഷണവും കഴിക്കാം. മൂന്ന് വിഭവങ്ങളടങ്ങിയ ആകാശ ഭക്ഷണത്തിന് 499 റിയാലാണ് നിരക്ക്. എന്നാൽ മേളയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.