കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ഖത്തര്‍. മാസ്ക് ഉപയോഗം ആശുപത്രികളില്‍ മാത്രം നിര്‍ബന്ധമാക്കി. പൊതുഗതാഗത സംവിധാനാനങ്ങളില്‍ ഉൾപ്പടെ മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെന്ന് നിര്‍ദ്ദേശം. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്‍ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.
ഈ മാസം 23 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. നിലവിൽ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലുമാണ് മാസ്‌ക് നിർബന്ധമാക്കിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് രാജ്യത്തെ മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് ഇറങ്ങിയിരുന്നു.
അതേസമയം അടഞ്ഞ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരും ജോലി സമയങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതും ലോകകപ്പ് മത്സരങ്ങളും കണക്കിലെടുത്താണ് ഖത്തർ മന്ത്രിസഭ മാസ്ക് ഉപയോഗത്തില്‍ ഇളവ് പ്രഖ്യാപിച്ചത്.