ഉദ്ഘാടനം ചെയ്യാൻ ഒരു ദിവസം ബാക്കി നിൽക്കേ ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂരയെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ദോഹ എക്‌സ്‌പോ 2023 കെട്ടിടം. അൽബിദ പാർക്കിൽ 4,031 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച എക്‌സ്‌പോയുടെ പ്രധാന വേദിയുടെ പച്ചപ്പു നിറഞ്ഞ മേൽക്കൂരയ്ക്കാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ആണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. അഷ്ഗാലിന്റെ ലോക റെക്കോർഡുകളിൽ ആറാമത്തെ നേട്ടമാണിത്. ഉയർന്ന നിലവാരത്തിലാണ് എക്‌സ്‌പോയുടെ പ്രധാന കെട്ടിടം നിർമിച്ചിരിക്കുന്നത്. എക്സ്പോയുടെ മേൽക്കൂരയിൽ പെനിസെറ്റം, ഡഹലിയ എന്നീ ചെടികൾ നട്ടുപിടിപ്പിച്ചതിനോടൊപ്പം പച്ചപ്പുല്ലും പിടിപ്പിച്ചിട്ടുണ്ട്.
അതേസമയം എക്സ്പോ സന്ദർശിക്കാൻ എത്തുന്നവർക്ക് പ്രകൃതിയുമായി സംവദിക്കാൻ കഴിയത്തക്ക വിധത്തിലുള്ളതും ഖത്തറിന്റെ സവിശേഷ ഘടകങ്ങൾ കോർത്തിണക്കിയുള്ള ആധുനിക നഗര നിർമാണവും ഉറപ്പാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒക്‌ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെ നീളുന്ന എക്‌സ്‌പോയിൽ 88 രാജ്യങ്ങളുടെ പവിലിയനുകളും എക്സ്പോയിൽ ഉണ്ടാവും. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് ദോഹ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ 2023 നടത്തുന്നത്.