ഖത്തർ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിൽ ഗണ്യമായ വർധനവ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഹമദ്, റുവൈസ്, ദോഹ എന്നീ 3 തുറമുഖങ്ങളിലുമായി നടന്ന കണ്ടെയ്നർ നീക്കത്തിലാണ് വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ പ്രാദേശിക സമുദ്ര വ്യാപാരത്തിന്റെ ശക്തികേന്ദ്രമായി ഖത്തർ വളരുകയായിരുന്നു.
1,316 കപ്പലുകളാണ് 3 തുറമുഖങ്ങളിലുമായി ഈ കാലയളവിൽ വന്നുപോയത്. 6,33,029 കണ്ടെയ്നറുകൾ, 7,71,883 ടൺ ജനറൽ കാർഗോ, 2,74,694 ടൺ കെട്ടിട നിർമ്മാണ സാമഗ്രികൾ, 40,162 വാഹനങ്ങൾ, 2,94,031 കന്നുകാലികൾ എന്നിവയാണ് തുറമുഖങ്ങളിൽ കൈകാര്യം ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ഹമദ് തുറമുഖമാണ് ചരക്കുനീക്കത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.
32 ശതമാനമാണ് ചരക്കുനീക്കത്തിൽ വാർഷിക വർധനവ് ഉണ്ടായിരിക്കുന്നത്. കന്നുകാലികൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, വാഹനങ്ങൾ എന്നിവ കൈകാര്യം ചെയ്തതിൽ യഥാക്രമം 196, 5.3, 5.5 ശതമാനമാണ് വർധനവുണ്ടായതെന്ന് തുറമുഖ മാനേജ്മെന്റ് കമ്പനി മവാനി ഖത്തർ അറിയിച്ചു. കഴിഞ്ഞ വർഷവും കണ്ടെയ്നർ നീക്കത്തിൽ 30 ശതമാനം വർധനവ് ഖത്തറിൽ രേഖപ്പെടുത്തിയിരുന്നു.