ഖത്തറിൽ സാംസ്‌കാരിക മാധ്യമ മേഖലകൾക്കുള്ള ലൈസൻസ് നിരക്ക് കുത്തനെ കുറച്ചു. സാംസ്‌കാരിക പ്രവർത്തനങ്ങളെയും മാധ്യമ മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പരസ്യ, പബ്ലിക് റിലേഷൻ മേഖലയുമായി ബന്ധപ്പെട്ട ലൈസൻസ് എടുക്കുന്ന തുകയിലും പുതുക്കുന്ന തുകയിലും വലിയ കുറവാണ് നിലവിൽ വന്നിരിക്കുന്നത്.
പരസ്യ, പബ്ലിക് റിലേഷൻ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾ തുടങ്ങാൻ 25,000 റിയാലായിരുന്നു നേരത്തെ ലൈസൻസ് തുക. ഇത് അഞ്ചിലൊന്നായാണ് കുറച്ചിരിക്കുന്നത്. ലൈസൻസ് പുതുക്കുന്നതിനുള്ള തുക 10,000 റിയാലിൽ നിന്ന് 5,000 റിയാലായും കുറച്ചു. ആർട്ടിസ്റ്റിക് പ്രൊഡക്ഷന് വേണ്ടിയുള്ള ലൈസൻസ് നിരക്ക് 25,000ൽ നിന്ന് 5,000മായും സിനിമാ ഹൗസുകളുടേത് 2 ലക്ഷം റിയാലിൽ നിന്ന് 25,000 റിയാലായും കുറച്ചിട്ടുണ്ട്.
പ്രസാധകരുടെ ലൈസൻസ് തുകയിലും വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഒരു ലക്ഷം റിയാലിൽ നിന്ന് 1,500 റിയാലായാണ് കുറച്ചത്. ലൈസൻസ് പുതുക്കുന്നതിന് 1,500 റിയാലാണ് നൽകേണ്ടത്. പ്രിൻ്റ് ചെയ്‌ത പുസ്‌തകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന ലൈസൻസ് തുക 15,000ൽ നിന്ന് 1500 ആയും കുറച്ചു.