2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി ഖത്തർ ഒന്നാമതെത്തിയെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെ വ്യക്തമാക്കി.
ആഗോള ഭരണ സൂചികയുടെ അച്ചുതണ്ടുകൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളാണ് ഖത്തറിൻ്റെ സ്ഥാനം മെച്ചപ്പെട്ടതിന് കാരണം. ഐക്യരാഷ്ട്രസഭയുടെ ഇ – ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ഇൻഡക്‌സിൽ (ഇജിഡിഐ) ഖത്തർ ഈയിടെ ശ്രദ്ധേയമായ കുതിപ്പ് കൈവരിച്ചിരുന്നു.
193 രാജ്യങ്ങളിൽ 78ൽ നിന്ന് 53-ാം സ്ഥാനത്തേക്കാണ് ഖത്തർ മുന്നേറിയത്. രണ്ട് വർഷത്തിലൊരികലാണ് സൂചിക പുറത്തിറക്കുന്നത്. ആഗോളതലത്തിൽ പുരോഗതിയുടെ കാര്യത്തിൽ ഖത്തർ അഞ്ചാം സ്ഥാനത്തെത്തിയതും നേട്ടമായി. ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സിലും ഖത്തറിന് മികച്ച മുന്നേറ്റം നടത്താനായി.