ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് കടന്നതിന് പിന്നാലെ മാർക്കറ്റിൽ ഡിമാന്റ് വർധിച്ചു. ഇതോടെ പാർക്കിൻ ഐപിഒയിൽ റീട്ടെയിൽ നിക്ഷേപകർക്കുള്ള ഓഹരികളുടെ എണ്ണം വർദ്ധിപ്പിച്ചു.
സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ (എസ്‌സിഎ) അംഗീകാരത്തെത്തുടർന്ന് യുഎഇ റീട്ടെയിൽ ഓഫർ 7,49,70,000 ഓഹരികളിൽ നിന്ന് 89,964,000 ഓഹരികളായാണ് വർധിപ്പിച്ചത്. യുഎഇ റീട്ടെയിൽ ഓഫറിലേക്കുള്ള വർദ്ധിച്ച വിഹിതത്തെത്തുടർന്ന് യോഗ്യതയുള്ള നിക്ഷേപകരിൽ 674,730,000 സാധാരണ ഓഹരികൾക്ക് പകരം 659,736,000 ഓഹരികൾ അനുവദിക്കും. ഇത് ഓഫർ ഓഹരികളുടെ 88 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. മാർച്ച് 21-ന് പാർക്കിൻ ഡിഎഫ്എമ്മിൽ വ്യാപാരം ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി 27-നാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ 24.99 ശതമാനം ഓഹരികൾ വില്ക്കുന്നതായി പാർക്കിൻ പ്രഖ്യാപിച്ചത്. 2024ൽ ദുബായിൽ ഐപിഒ ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് പാർക്കിങ് സ്പേസ് ഓപ്പറേറ്റർ. ദുബായിലെ ഓൺ-സ്ട്രീറ്റ് പെയ്‌ഡ് പാർക്കിങ് സ്ഥലങ്ങളിൽ 90 ശതമാനത്തിലധികവും നിലവിൽ പാർക്കിന് കീഴിലാണ്. കൂടാതെ എല്ലാ പൊതു ഓൺ-സ്ട്രീറ്റ് പാർക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാർക്കിങ്ങും പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്പനിക്കുണ്ട്.