ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും പ്രഥമ വനിത സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബൂസൈദിയുടെയും പേരിലുള്ള റോസാപൂക്കൾ സുൽത്താനേറ്റ് പുറത്തിറക്കി. ഒമാൻ പങ്കെടുക്കുന്ന ലണ്ടനിലെ ചെൽസി ഫ്ലവർ ഷോയിലാണ് ‘ഹാർകാർമൈൻ’, ‘ഹാർഫോർവർ’ എന്നീ രണ്ട് റോസാപ്പൂക്കളുടെ ലോഞ്ച് നിർവഹിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇനങ്ങളിൽപ്പെട്ടതാണ് ഈ റോസാപൂക്കൾ. ഫ്ലവർ ഷോ മേയ് 27 വരെ നടക്കും.
സുൽത്താന്റെ പേരിലുള്ള റോസാപ്പൂവിന് ചുവപ്പ് നിറവും പ്രഥമ വനിതയുടെ പേരിലുള്ളതിന് വെള്ള നിറവുമാണ്. സലാലയിലും യൂറോപ്യൻ രാജ്യങ്ങളിലുമായി നടത്തിയ നിരവധി ഹൈബ്രിഡൈസേഷൻ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ വീശിഷ്ടമായ റോസാപ്പൂക്കൾ കണ്ടെത്തിയത്.
ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മന്ദാരി,, ഗാർഡൻസ് കാര്യ മോധാവി ഹിലാൽ ബിൻ മുഹമ്മദ് അൽ വഈലി, റോയൽ കോർട്ട് അഫയേഴ്സിലെ റോയൽ ഹോഴ്സ്, ക്യാമൽസ് ഫാം, ദോഫാർ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ അലി അൽ കാതിരി എന്നിവർ റോസാപ്പൂക്കളുടെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.