അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ഒമാൻ പൂർത്തിയാക്കി. ആകെ 34,126 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഈ വർഷം ഹജ്ജിനുള്ള അപേക്ഷയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഒക്ടോബർ 22ന് ആയിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങുകയും നവംബർ ആറിന് നടപടികൾ അവസാനിക്കുകയും ചെയ്തു.
അതേസമയം ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് വേണ്ടി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഏറ്റവും കൂടുതൽ അപേക്ഷകർ മസ്കറ്റിൽ (5,373) നിന്നാണ്. ഏറ്റവും കുറവ് (172) മുസന്ദത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എല്ലാ ഗവർണറേറ്റുകളിലും അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും ദോഫാർ, മുസന്ദം, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ അപേക്ഷകരുടെ എണ്ണം വളരെ കുറവാണ്.