ദഹ്വ മസ്ജിദ് പൊളിക്കാൻ അധികൃതർ ഉത്തരവിട്ടു. ഇസ്ലാമിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായ ആചാരങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സഹം വിലായത്തിലെ അൽ മൊഹാബ് ഗ്രാമത്തിലെ പ്രാന്ത പ്രദേശത്തുള്ള ദഹ്വ മസ്ജിദ് പൊളിക്കാൻ അധികൃതർ ഉത്തരവിട്ടത്. അൽ മഹബ് വില്ലേജിലെ ഉദ്യോഗസ്ഥനായ റാഷിദ് ബിൻ സഈദ് ബിൻ സെയ്ഫ് അൽ മുസൈനിയാണ് പള്ളി പൊളിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. ദഹ്വ മസ്ജിദിനെ നഗര പ്രാന്തത്തിലുള്ള പുരാതന ഗ്രാമത്തിന്റെ ചരിത്രപരമായ നാഴികക്കല്ലായാണ് കണക്കാക്കുന്നത്.
എന്നാൽ ഇസ്ലാമിക തത്ത്വങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനാൽ ഇതു നീക്കം ചെയ്യുകയാണെന്ന് ജൂലൈ നാലിന് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇസ്ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കി ഒമാനിലെ ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങൾ നിരോധിക്കുന്നതിനാണ് മസ്ജിദ് പൊളിക്കാൻ തീരുമാനിച്ചത്.
മസ്ജിദ് സ്വയം ഉണ്ടായതാണ്. നൂറ് കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്തെ ആളുകൾ പെട്ടെന്ന് ഒരു ദിവസം ഈ പള്ളി കണ്ടെത്തുകയായിരുന്നു എന്നും അതിന്റെ രഹസ്യം അറിയില്ലെന്നുമുള്ള ഐതിഹ്യങ്ങളും മറ്റും പ്രചരിച്ചിരുന്നു. ഇങ്ങനെയാണ് ഈ പള്ളിക്ക് വിശുദ്ധ പദവിയും വലിയ പ്രാധാന്യം നൽകപ്പെടുകയും ചെയ്തത്.