വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഇതിനായി വാഹനനിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സ് രൂപകൽപന ചെയ്ത സ്കൂൾ ബസുകൾ ഉടൻ നിരത്തിലിറങ്ങും. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പുറത്തിറക്കുക.
അതേസമയം സുൽത്താനേറ്റിലെ ബന്ധപ്പെട്ട അധികാരികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഗതാഗത പരിഹാരങ്ങൾ നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പുതിയ ബസ് പുറത്തിറക്കുന്നതെന്ന് കർവ മോട്ടോഴ്സിന്റെ സിഇഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞു. കൂടാതെ പൊതു സുരക്ഷയും സ്കൂൾ ഗതാഗത ആവശ്യകതകളും കണക്കിലെടുത്ത് സ്കൂൾ ഗതാഗത മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളും കമ്പനി പഠിച്ചിട്ടുണ്ട. ഇതിന് അനുയോജ്യമായാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലാണ് കര്‍വ മോട്ടോഴ്സിന്റെ ബസ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ആണ് ഉൽപാദനം ആരംഭിച്ചത്. വിവിധ തരം സിറ്റി ബസുകൾ, ദീർഘദൂര ബസുകൾ, സ്കൂൾ ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവ കമ്പനി നിർമിക്കുന്നുണ്ട്. ദുകത്തെ പ്രത്യേക സാമ്പത്തികമേഖലയിൽ 600,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.