മുന്നറിയിപ്പുകൾ അവഗണിച്ച് വാദികൾ മുറിച്ചുകടക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കനത്ത മഴയില്‍ വാദികൾ നിറഞ്ഞൊഴുകുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പ്. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിൾ 49 അനുസരിച്ചുളള നിയന്ത്രണമാണ് കര്‍ശനമാക്കിയത്.
നേരിട്ടൊ വാഹനങ്ങളിലൊ വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. വാദികൾക്ക് സമീപത്ത് ഇരിക്കുകയൊ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുകയൊ ചെയ്യരുത്. വാദികൾക്ക് സമീപം കുട്ടികളെ വിടരുതെന്നും അപകട സാധ്യതകൾ ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ദിഹിറ ഗവര്‍ണറേറ്റില്‍ വാഹനവുമായി വാദി മുറിച്ചുകടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിലായിരുന്നു. ഇത്തരക്കാര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 500 റിയാലില്‍ കുറയാത്ത പിഴയുമാണ് നിയമം അനുശാസിക്കുന്നതെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി.