54–ാം ദേശീയദിനം ആഘോഷിക്കുകയാണ് ഒമാന്‍. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് അഭിവാദ്യങ്ങളർപ്പിക്കുകയാണ് വിവിധ ഭരണാധികാരികളും സ്വദേശികളും പ്രവാസി സമൂഹവും. ദേശീയ പതാകകൾ കൊണ്ടും വർണ തോരണങ്ങൾ കൊണ്ടും അലങ്കരിച്ച് നാടും നഗരവും ആഘോഷ നിറവിലാണ്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പരേഡ് ഇന്ന് അൽ സമൂദ് ക്യാംപിൽ നടക്കും. മിലിട്ടറി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ സുൽത്താൻ ഹൈതം ബിൻ താരിക് സല്യൂട്ട് സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ്റെ പ്രത്യേക സേന, റോയൽ ഒമാൻ പോലീസ്, റോയൽ കോർട്ട് അഫേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ വിഭാഗങ്ങൾ പങ്കെടുക്കും.
പതാക വർണവും ഭരണാധികാരിയുടെ ചിത്രവും ആലേഖനം ചെയ്‌ത് വാഹനങ്ങൾ നിരത്തുകളിൽ വലംവയ്ക്കുകയാണ്. ഇന്ന് രാത്രി വിവിധ ഇടങ്ങളിൽ വാഹന റാലികളും മറ്റു ആഘോഷ പരിപാടികളും നടക്കും. സീബ്, ബർക വിലായത്തുകളിലെ ചില ഭാഗങ്ങളിൽ ഇന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
അതോടൊപ്പം സീബ് വിലായത്തിലെ അൽ ബർക പാലസ് റൗണ്ട് എബൗട്ട് മുതൽ ബർക വിലായത്തിലെ ഹൽബാൻ ഏരിയ വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.