52-ാമത് ദേശീയ ദിനത്തന്‍റെ ഭാഗമായി ഒമാനില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികൾ. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ ജന്മദിനമാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്. നവംബര്‍ 18നാണ് ഒമാന്‍ ദേശീയദിനം.
ആഘോഷത്തിനുളള ഒരുക്കങ്ങൾ മുന്നോട്ട് നീങ്ങുകയാണ്. നവംബര്‍ 30 വരെ വിവിധ ആഘോഷ പരിപാടികൾ അരങ്ങറും. അതേസമയം ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ ഓഫറുകൾ പ്രഖ്യാപിച്ചു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാമെന്നാണ് പുതിയ അറിയിപ്പ്.
ഡിസംബര്‍ 15 വരെ ഇളവ് ലഭ്യമാണ്. നേരത്തെ 30 കിലോയാണ് അനുവദിച്ചിരുന്നത്. ഹാന്‍ഡ് ബാഗേജ് 7 കിലോയ്ക്ക് പുറമെയാണ് അധിക ലഗേജ് അനുവദിക്കുക. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്. മറ്റ് കമ്പനികളും ഓഫറുകൾ പ്രഖ്യാപിക്കാനുളള നീക്കത്തിലാണ്.
അതേസമയം ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിന് കഴിഞ്ഞ ദിവസം റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അനുമതിയില്ലാതെ രാജമുദ്രകൾ ഉപയോഗിക്കരുതെന്നും ദേശീയ ചിഹ്നങ്ങളെ അപമാനിക്കരുതെന്നും ഔദ്യോഗിക നിര്‍ദ്ദേശമുണ്ട്.