ഒമാനിൽ ഗോതമ്പുല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം. കഴിഞ്ഞ വർഷത്തിൽ നിന്ന് മൂന്ന് മടങ്ങായി വർധിപ്പിക്കാനാണ് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ലക്ഷ്യമിടുന്നത്. 2022-ൽ 2,167 ടണ്ണായിരുന്ന ഉല്പാദനം ഈ വർഷം ഏകദേശം 7,000 ടണ്ണായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക, ഒമാനി കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഗോതമ്പ് കൃഷിചെയ്യാൻ 2022-ൽ 2,422 ഏക്കർ ഭൂമി അനുവദിച്ചതിൽ നിന്ന് ഈ വർഷം 6,000 ഏക്കറായി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഗോതമ്പ് കൃഷിക്ക് ഊർജം പകരാൻ ഈ വർഷം 50 ലക്ഷം റിയാൽ ബജറ്റ് നീക്കിവച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി ചെയ്യുന്നത്.