ശുദ്ധമായ തേൻ ഉല്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ഷാർജ. ഒലീവ് മരത്തിൽ നിന്ന് തേൻ ശേഖരിക്കുന്ന പദ്ധതിയാണ് ഷാർജയിൽ നടപ്പിലാക്കുന്നത്. പൂർണമായും കീടനാശിനിരഹിതമായ രീതിയിൽ തേൻ ശേഖരിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഒരുക്കുന്നത്.
അൽ ദൈദ് സർവകലാശാലയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഷാർജ റേഡിയോയിലും ടെലിവിഷനിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ‘ഡയറക്ട്ലൈൻ’ പരിപാടിയിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. തേൻ പദ്ധതിക്ക് പുറമെ പച്ചക്കറി ഉത്പാദന ഫാമുകളും കന്നുകാലി, കോഴി ഫാമുകളും ആരംഭിക്കാൻ സർവകലാശാല പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ആടുകളെ വളർത്തുന്നതിനായി ആവശ്യമായ മേച്ചിൽപ്പുറങ്ങൾ ഉൾപ്പെടെ നിർമ്മിക്കാനാണ് തീരുമാനം.
എമിറേറ്റിൽ നടപ്പാക്കിവരുന്ന ഗോതമ്പ് ഫാം, പച്ചക്കറി ഫാം, ഡയറി ഫാം തുടങ്ങിയ പദ്ധതികൾക്ക് സർവകലാശാലയുടെ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ലബോറട്ടറികൾ, വിത്ത് ബാങ്ക്, മറ്റു സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.