ഒമാനിൽ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ താഴ്വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഒമാൻ സിവിൽ ഡിഫെൻസ് ആന്റ് ആംബുലൻസ് അതോറിറ്റി (സി.ഡിഎ.എ) മുന്നറിയിപ്പ് നൽകി. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് കാരണമാകുമെന്നും അധികൃതർ നിർദേശിച്ചു.
ഒമാനിലെ പല പ്രദേശങ്ങളിലും അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വാഹനയാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ റോഡ് നിയമങ്ങൾ കർശനമായി പാലിച്ച് സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കണമെന്നും ശക്തമായ മഴമൂലം താഴ്വരകളിൽ പെട്ടെന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള താഴ്വരകൾ ഒഴിവാക്കണമെന്നും സി.ഡിഎ.എ നിർദ്ദേശിച്ചു.