യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇന്ന് വൈകിട്ടോടെ യെമനിലെ ഏദനില്‍ നിന്ന് സനായിലേക്ക് പോകും. എത്രയും പെട്ടെന്ന് തന്നെ മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെ പ്രതീക്ഷ. ഇതിന് ശേഷം കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും സംഘം ചര്‍ച്ച നടത്തും.
വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും സനായിലേക്ക് പ്രവേശനം സാധ്യമാകൂ. ഏദനില്‍ നിന്ന് പത്ത് മണിക്കൂറോളം റോഡ് മാര്‍ഗം യാത്ര ചെയ്ത് വേണം സംഘത്തിന് സനായിലെത്താന്‍. പിന്നാലെ സനായില്‍ തന്നെയുള്ള കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെയും കണ്ട് ചര്‍ച്ച നടത്തണം.
മോചനാനുമതിക്ക് വേണ്ടി നല്കുന്ന ബ്ലഡ് മണിയുടെ കാര്യത്തില്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണം. ഈ ചർച്ചയിൽ വളരെ പ്രതീക്ഷയാണ് നിമിഷയുടെ കുടുംബത്തിന്.