ദുബായുടെ ഗ്രാമീണ മേഖലകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാന്‍ പദ്ധതി. ഓരോ പ്രദേശങ്ങളുടേയും ഭൂമി ശാസ്ത്രത്തിന്‍റേയും ഇതര പ്രത്യേകതകളുടേയും അടിസ്ഥാനത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. അല്‍ ഫഖ, അല്‍ ലുസൈലി, അല്‍ ഹബാബ്, അല്‍ മര്‍മൂം , അല്‍ അവീര്‍, മര്‍ഗ്ഹം തുടങ്ങിയ മേഖലകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഡിജിറ്റല്‍ മുന്നേറ്റത്തിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തീക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തീക വളര്‍ച്ച ലക്ഷ്യമിട്ടുളള വൈവിധ്യമാര്‍ന്ന പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിളിച്ചുചേര്‍ത്ത ദുബായ് കൗണ്‍സിലിന്‍റേതാണ് തീരുമാനം.
ജോലി ചെയ്യാനും താമസത്തിനും നിക്ഷേപത്തിനും ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പദ്ധതികളുടെ മേല്‍ നോട്ടത്തിനും വിവിധ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അധ്യക്ഷനായ സമിതിക്കും കൗണ്‍സില്‍ രൂപം നല്‍കി.