ജലവിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ദുബായ്. ഇതിന്റെ ഭാഗമായി ലുസൈലി, ഹാസ്യാൻ, ഹത്ത എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികൾ നിർമ്മിക്കാനാണ് തീരുമാനം. ദുബായിയുടെ സുസ്ഥിര വികസനത്തോടൊപ്പം എമിറേറ്റിലെ ജല ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അതേസമയം, ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ദുബായ് എൻഖലിയിൽ നിർമ്മിച്ച കൂറ്റൻ ജലസംഭരണി പ്രവർത്തനക്ഷമമായി. 28.7 കോടി ദിർഹം ചെലവിട്ടാണ് റിസർവോയർ നിർമ്മിച്ചത്. നിലവിൽ ദീവയുടെ റിസർവോയറുകളുടെ ശേഷി 1001.3 ദശലക്ഷം ഇംപീരിയൽ ഗാലനാണ്. മുഴുവൻ ജലസംഭരണികളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ ജലസംഭരണ ശേഷി 1121.3 ദശലക്ഷം ഇംപീരിയൽ ഗാലനായി ഉയരും.
പുതിയ പദ്ധതി 2025ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പുതിയ റിസർവോയറുകൾ അക്വിഫർ സ്റ്റോറേജ് ആന്റ് റിക്കവറി പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും. കുടിവെള്ളം സംഭരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ അത് വീണ്ടെടുക്കുന്നതിനുമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ എ.എസ്.ആർ പദ്ധതിയാണിതെന്നും അധികൃതർ വ്യക്തമാക്കി.