ദുബായിൽ പാർക്കിംഗ് നിയന്ത്രിക്കുന്നത് ഇനി പുതിയ കമ്പനി. ‘പാർക്കിൻ’ എന്ന് വിളിക്കപ്പെടുന്ന പബ്ലിക് സ്റ്റോക്ക് കമ്പനിയായിരിക്കും (പി.ജെ.എസ്.സി) പാർക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പാർക്കിൻ സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ചത്.
വ്യക്തികൾക്ക് പാർക്കിംഗ് പെർമിറ്റുകൾ നൽകുന്നതും പൊതുപാർക്കിംഗ് പ്രവർത്തിപ്പിക്കുന്നതും പാർക്കിംഗ് സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ കമ്പനിയുടെ മേൻനോട്ടത്തിലായിരിക്കും നടക്കുക. 99 വർഷമാണ് കമ്പനിയുടെ കാലാവധി. പിന്നീട് സമാനമായ കാലയളവിലേക്ക് പുതുക്കാനും സാധിക്കും.
റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയും പാർക്കിൻ കമ്പനിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുക. ദുബായിലെ പൊതു, സ്വകാര്യ പാർക്കിംഗുമായി ബന്ധപ്പെട്ട പോരായ്മകൾ ഇല്ലാതാക്കുന്നതിന്റെയും പാർക്കിംഗ് സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.