ദുബായിൽ 1.6 കിലോമീറ്റർ നീളമുള്ള ആറുവരി തുരങ്കം നിർമ്മിക്കാൻ കരാർ നൽകി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇരുദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന തുരങ്കമാണ് നിർമ്മിക്കുക.
ദെയ്റയിലെ ഇൻഫിനിറ്റി ബ്രിഡ്ജിൻ്റെ റാംപ് മുതൽ അൽ ഖലീജിൻ്റെയും കെയ്റോ സ്ട്രീറ്റിൻ്റെയും കവല വരെ നീളുന്നതാണ് അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതി. അബു ഹെയ്ൽ, അൽ വുഹൈദ, അൽ മംസാർ, ദുബായ് ഐലൻഡ്സ്, ദുബായ് വാട്ടർഫ്രണ്ട്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ തുറമുഖം എന്നിവിടങ്ങളിലേയ്ക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതാണ് ടണൽ.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. നിലവിൽ ആർടിഎ ഏറ്റെടുത്തിരിക്കുന്ന വിപുലമായ പദ്ധതികളിൽ ഒന്നാണിതെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.