ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കുന്നതിനുള്ള അബർ ടാക്സി മൊബൈൽ ആപ് ജൂൺ ഒന്ന് മുതൽ നടപ്പിലാക്കും. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗതനിരക്ക് നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് 2018 ഡിസംബർ 26ന് മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചിരുന്നു. ഇതിലെ 195/2018 ലുള്ള വ്യവസ്ഥകൾ പ്രകാരം ടാക്സികളുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് മീറ്ററുകൾ സ്ഥാപിക്കുന്നത്.
അതേസമയം സ്ട്രീറ്റ് ടാക്സികളിൽ മാത്രമേ ആബർ ഡിജിറ്റൽ മീറ്റർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഈ സംവിധാനം മുവാസലാത്ത് ടാക്സി, ഒ ടാക്സി, ഉബർ, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ബാധകമായിരിക്കില്ല. രാജ്യത്തെ എല്ലാ ഓറഞ്ച്, വൈറ്റ് സ്ട്രീറ്റ് ടാക്സികളും പുതുതായി പുറത്തിറക്കിയ അബർ ടാക്സി മീറ്റർ മൊബൈൽ ആപ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് ഗതാഗത അണ്ടർ സെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഷമാഖി അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷം വരും മാസങ്ങളിൽ സേവനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിരക്കുകൾ
മിനിമം ചാർജ് 300 ബൈസ പിന്നീട് വരുന്ന ഓരാ കിലോമീറ്ററിനും 130 ബൈസ വരെ ഈടാക്കും. ആദ്യത്തെ അഞ്ച് മിനിറ്റ് വെയ്റ്റിംഗ് ചാർജ് ഈടാക്കില്ല. പിന്നീടുള്ള ഓരോ മിനിറ്റിനും 50 ബൈസ വെയിറ്റിംഗ് ചാർജായി നൽകണം. യാത്രയുടെ തുടക്കത്തിൽ മീറ്റർ ഉപയോഗിക്കാൻ ഡ്രൈവർ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ മുഴുവൻ യാത്രയും സൗജന്യമായി കണക്കാക്കും. അതേസമയം ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ നിരക്ക് അവർക്കിടയിൽ തുല്യമായി വിഭജിക്കും.