ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ റീഫ് പ്രൊജക്റ്റിന് ദുബായിൽ തുടക്കം. ആവാസ വ്യവസ്ഥാ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബായിലെ ശുദ്ധജലത്തിൽ 600 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വിവിധ വലുപ്പത്തിലുള്ള കൃത്രിമ റീഫുകൾ വിന്യസിക്കുന്ന ശ്രമമാണ് ദുബായ് റീഫ് പദ്ധതി.
ദുബായിലെ എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും സമുദ്ര ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിലും ദുബായ് റീഫ് പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. ദുബായ് ഇക്കണോമി ആന്റ് ടൂറിസം വകുപ്പ്, റെഗുലേറ്ററി കമ്മിറ്റി ഓൺ ഫിഷിംഗ് ഓഫ് ലിവിംഗ് അക്വാട്ടിക് റിസോഴ്‌സസ്, ദുബായ് ചേംബേഴ്‌സ്, പോർട്ട്, കസ്റ്റംസ് ആന്റ് ഫ്രീ സോൺ കോർപ്പറേഷൻ, നഖീൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദുബായ് മറൈൻ റീഫ് പദ്ധതി നടപ്പിലാക്കുന്നത്.
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, തീരസംരക്ഷണം തുടങ്ങിയവയിലും പദ്ധതി പ്രധാന പങ്ക് വഹിക്കുന്നുണ്ട്.