നടൻ ആസിഫ് അലിക്ക് പിന്തുണയുമായി ദുബായിലെ ആഡംബര നൗക കമ്പനി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് താരത്തിന് ആദരമർപ്പിച്ച് എത്തിയിരിക്കുന്നത്. വെറും വാക്കുകളിലൂടെയല്ല കമ്പനി പിന്തുണ അറിയിച്ചത്. തങ്ങളുടെ ആഡംബര നൗകയ്ക്ക് ‘ആസിഫ് അലി’ എന്ന് പേര് നൽകിയിരിക്കുകയാണ് കമ്പനി.
പത്തനംതിട്ട സ്വദേശികളായ സംരംഭകരുടേതാണ് ഡി3 കമ്പനി. പത്തനംതിട്ട ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്ക് ഡി3 എന്ന പേര് നൽകിയത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിനോടകം നൗകയിൽ ആസിഫ് അലി എന്ന് പേര് പതിപ്പിക്കുകയും ചെയ്തു. നൗകയിൽ പേര് മാറ്റിയതിനാൽ റജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണ് ഈ നീക്കം.
വളരെ വഷളാകാൻ സാധ്യതയുണ്ടായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്‌ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. ഇതിനിടെ വർഗീയവിദ്വേഷം വരെ അഴിച്ചുവിടാൻ ചിലർ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി നിർണായകഘട്ടങ്ങളിൽ മനുഷ്യർ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും ഷെഫീഖ് കൂട്ടിച്ചേർത്തു.