നിയന്ത്രണങ്ങൾ ലംഘിച്ചതിന് യുഎഇയിൽ 32 ഗോൾഡ് റിഫൈനറികളുടെ ലൈസൻസ് റദ്ദാക്കി. കള്ളപ്പണം ഉൾപ്പെടെയുള്ള ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനേത്തുടർന്നാണ് നടപടി. സ്വർണ സംസ്‌കരണ ശാലകൾക്കെതിരെ യുഎഇ സാമ്പത്തിക കാര്യമന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. തട്ടിപ്പിന് സാധ്യതയുള്ള ഇടപാടുകൾ തിരിച്ചറിയുക, സംശയമുള്ള ഇടപാടുകാരുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറുക, തീവ്രവാദ പട്ടികയിലുള്ളവരുടെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുക എന്നിവയിൽ വീഴ്‌ചവരുത്തിയ സ്ഥാപനങ്ങളുടെ ലൈസൻസാണ് റദ്ദാക്കിയത്.
രാജ്യത്തെ സ്വർണ സംസ്‌കരണ മേഖലയുടെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. സ്വർണാഭരണ മേഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പാലിക്കുന്നുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.